Chelat Achutha Menon (13 January 1913 – 16 August 1991) was the Chief Minister ofKerala state for two terms. The first term was from 1 November 1969 to 1 August 1970 and the second 4 October 1970 to 25 March 1977. He was instrumental in starting number of institutions and development projects in Kerala. Achutha Menon was the only politician who adorned the chief minister ship of Kerala for two consecutive terms. He led the then United Front to a thumping electoral victory in Kerala when Congress party was routed in elections in other parts of India. ചേലാട്ട് അച്യുതമേനോൻ(ജനുവരി 13,1913 - ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാമുഖ്യമന്ത്രിയായിരുന്നു. തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മടത്തിവീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു . റവന്യൂ ഇൻസ്പെക്ടറായിരുന്നു പിതാവ്. നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗത്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു.
ഉന്നതനിലയിൽ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മകന്റെ നിർബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർക്കുകയായിരുന്നു. ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ' കരസ്ഥമാക്കി. സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിന് ഒരു സഹായമാവാനായി അഭിഭാഷകനായി ജോലിക്കു ചേർന്നു. ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയിൽ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അഭിഭാഷകജോലി അത്ര തൃപ്തി നൽകിയിരുന്നില്ല. തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1940 ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ഇക്കാലയളവിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിക്കുന്നത്. അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു.
1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ൽ പാർട്ടി നിരോധിച്ചപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു.
പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം വരിച്ചു.ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്കോ സന്ദർശിച്ചിട്ടുണ്ട്.
പ്രധാന പുസ്തകങ്ങൾ
- ലോകചരിത്രസംഗ്രഹം (പരിഭാഷ)
- സോവിയറ്റ് നാട്
- കിസാൻ പാഠപുസ്തകം
- കേരളം-പ്രശ്നങ്ങളും സാധ്യതകളും
- സ്മരണയുടെ ഏടുകൾ
- വായനയുടെ ഉതിർമണികൾ
- ഉപന്യാസമാലിക
- പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും
- മനുഷ്യൻ സ്വയം നിർമ്മിക്കുന്നു (വിവർത്തനം)
- എന്റെ ബാല്യകാലസ്മരണകൾ (ആത്മകഥ)
- സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ (15 വാല്യങ്ങൾ))
ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജനപ്രീതിനേടിയ രാഷ്ട്രീയനേതാവായിരുന്നു അച്യുതമേനോൻ. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978)സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവർത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിക്കുകയുണ്ടായി. 1991 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
No comments:
Post a Comment